2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

എനിക്ക് പൊട്ടിച്ചിരിക്കാതെ വയ്യ





ഞാനാണയാള്‍-നിങ്ങള്‍
 ഭ്രാന്തനെന്നാക്ഷേപിച്ചു പരിഹസിപ്പോന്‍.

ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല,
വേറിട്ട വ്യക്തിത്വമില്ല.
അഛനില്ലമ്മയില്ലുറ്റവരില്ല,  ജീവിതലക്ഷ്യവുമില്ല.
സംഘബലമില്ല, സമ്പാദ്യവുമില്ല,
ഞാനാരാണെന്താണെന്നറിവുമില്ല.     

വിശക്കുമ്പോള്‍ കിട്ടിയാലാഹരിക്കും,
കാലുനയിക്കുന്നേടത്തു ഞാനുമെത്തും.
തളരുമ്പോളെവിടെയും പോയ്ക്കിടക്കും,
ഉണരുമ്പോളുടനെയൊരാട്ടു കിട്ടും.

പരാതി-പരിഭവങ്ങളില്ലേയില്ല,
പ്രക്ഷോഭമെന്തെന്നറിഞ്ഞുകൂടാ,   അവകാശരക്ഷണം പിടിയുമില്ല,
ചൂഷണം, മോഷണം വശവുമില്ല.    

നിങ്ങളെക്കണ്ടു ഞാനട്ടഹസിക്കുന്നു,
ഞെട്ടുന്നു നിങ്ങള്‍, ദൂരെയെന്നാട്ടുന്നു, ഭീരുത്വരൂപങ്ങള്‍ നിങ്ങള്‍,
ഭ്രാന്തില്ലാത്തോരാണു നിങ്ങള്‍.     

ഒരമ്മ പെറ്റിട്ടും രണ്ടായിച്ചിന്തിച്ചു, രണ്ടു പ്രവര്‍ത്തിച്ചകലമുണ്ടാക്കുന്ന, വാക്കേറ്റം,കയ്യേറ്റം,കൊലപോലും ചെയ്യുന്ന,
ഭ്രാന്തില്ലാത്തോര്‍ നിങ്ങളെല്ലാം.   
ഭ്രാന്തില്ലാത്തോര്‍  നിങ്ങളെല്ലാം.

കണ്ണുണ്ട് കാണില്ല,
കാതുണ്ട് കേള്‍ക്കില്ല,
ബുദ്ധിയോ ചിന്തയ്ക്കെടുക്കുകില്ല.
നാട്ടുനടപ്പിനു കുടപിടിച്ചോടുന്ന,
ഒന്നു ചിരിക്കാനുംചുറ്റിനുംനോക്കുന്ന, ‍
ഭ്രാന്തില്ലാത്തോര്‍ നിങ്ങളെല്ലാം,
ഭ്രാന്തില്ലാത്തോര്‍ നിങ്ങളെല്ലാം.

പറയാതെയറിയാത്ത,
പറഞ്ഞാലുമറിയാത്ത, കണ്ടാലറിയാത്ത, കൊണ്ടാല്‍ പഠിക്കാത്ത,
തന്‍കുഴി താന്‍തന്നെ
തോണ്ടി രമിക്കുന്ന,
താങ്ങുന്ന കൊമ്പിനു കോടാലി പണിയുന്ന,
ഭ്രാന്തില്ലാത്തോര്‍ നിങ്ങളെല്ലാo;
ഭ്രാന്തില്ലാത്തോര്‍ നിങ്ങളെല്ലാം.

കണ്ടു കണ്ടങ്ങു നടക്കുന്ന നേരത്തു,
പൊട്ടിച്ചിരിക്കാതെ വയ്യ വയ്യ.. എനിക്കട്ടഹാസം നിര്‍ത്ത വയ്യ.

sdjoshu.
23/10/16